National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. വൈദ്യുതി ലൈൻ ബസിന് മുകളിൽ പൊട്ടിവീണതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്.
നേരത്തെ രണ്ട് പേർ മരിച്ചിരുന്നു. നസീം (50) എന്നായാളും മകൾ സഹിനം (20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണം സംഖ്യ മൂന്നായത്.
നാല് പേർ കൂടി ഗുരുതരാസ്ഥയിൽ ചികിത്സയിലാണ്. ഇവരെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേർ ഷാഹ്പുര സബ്-ഡിസ്ട്രിക്ട് ആശുപത്രിയിൽ ചികിത്സയിലാണ്.
11,000 കിലോ വോൾട്ട് വൈദ്യുതി കടന്നുപോയിരുന്ന ലൈനാണ് ബസിന് മുകളിലേക്ക് പൊട്ടി വീണത്. തുടർന്ന് ബസ് കത്തിയമരുകയായിരുന്നു. ബസിൽ 15 എൽപിജി സിലിണ്ടറുകൾ ഉണ്ടായിരുന്നുവെന്നും അതിൽ രണ്ടെണ്ണം പൊട്ടിത്തെറിച്ചതായും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് ടോഡിയിലെ ഒരു ഇഷ്ടിക ചൂളയിൽ ജോലിക്ക് എത്തിയ പത്ത് തൊഴിലാളികളും ബസിലുണ്ടായിരുന്നു.
ബസിന് മുകളിൽ അമിത ഉയരത്തിൽ ലഗേജുകൾ ഉണ്ടായിരുന്നുവെന്നും ഇത് തട്ടിയതാണ് വൈദ്യുതി ലൈൻ പൊട്ടാൻ കാരണമായതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു.
അതേസമയം, വൈദ്യുതിലൈൻ തകരാറിലായിരുന്നുവെന്നും ഇത് പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഗ്രാമവാസികൾ ആരോപിച്ചു. അപകടസമയം 25ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് സൂചന.
National
കർണൂൽ: ആന്ധ്രപ്രദേശിലെ കർണൂലിൽ സ്വകാര്യ ബസ് കത്തി മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു.
ഡിഎൻഎ പരിശോധനയിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനല്കി. വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ ബസിലുണ്ടായിരുന്ന 19 യാത്രക്കാരും ബസിലേക്ക് ഇടിച്ചുകയറിയ ബൈക്ക് യാത്രികനുമാണ് മരിച്ചത്.
Kerala
തൃശൂർ: പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് കത്തിനശിച്ചു. പുത്തൻചിറ മങ്കിടി ജംഗ്ഷനിലുള്ള പെട്രോൾ പമ്പിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തീ സമീപത്തുണ്ടായിരുന്ന മറ്റ് ബസുകളിലേക്കും പെട്രോൾ പമ്പിലേക്കും പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
മങ്കിടിയിലെ പിസികെ പെട്രോളിയം എന്ന പേരിലുള്ള പമ്പിനോട് ചേർന്നാണ് ആറ് സ്വകാര്യ ബസുകൾ പാർക്ക് ചെയ്തിരുന്നത്. ചാലക്കുടി-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സുഹൈൽ എന്ന സ്വകാര്യ ബസിലാണ് തീപടർന്നതും പൂർണമായി കത്തിനശിക്കുകയും ചെയ്തത്. സമീപത്തുണ്ടായിരുന്ന രണ്ടുബസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തീപിടിച്ച ബസ് പൂർണമായും കത്തി നശിച്ചു. ഓഫീസിനോട് ചേർന്നുള്ള മുറിക്കും തീപിടിച്ച് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
സംഭവസമയത്ത് ഇതുവഴി കടന്നുപോയ ഇരുചക്ര വാഹന യാത്രക്കാരനാണ് സംഭവം കണ്ടത്. ഇയാൾ ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മാളയിൽ നിന്നെത്തിയ ഫയർഫോഴ്സ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മാള പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരുന്നു.